പുഴകളും, തോടുകളും, ചെറുചാലുകളും, മടക്കുകളായി കിടക്കുന്ന മലകളും, റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച, പ്രക്രുതി രമണീയമായ എന്റെ ഗ്രാമത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

Wednesday, September 13, 2006

പ്രസക്തി


രാഘവേട്ടന്‍ വെള്ളമടിക്കാന്‍ തുടങ്ങിയാല്‍ ഫുള്‍ടൈം വെള്ളത്തിലായിരിക്കും. അല്ലാത്തസമയത്ത് ഇത്രനല്ല ആള്‍ വേറെയുണ്ടോ എന്നു സംശയം. സല്‍‌സ്വഭാവിയാണ്, ബുധ്ദിമാനാണ്, ആരോടും കയര്‍തുസംസാരിക്കാത്തവനാണ്, നല്ലരീതിയില്‍ മറ്റുള്ളവരെ ഉപദേശിക്കുന്നവനാണ്, ലോകപരിചയമില്ലെങ്കിലും ലോകവിവരമുള്ളവനാണ്, സൂര്യനുതാഴെയുള്ളതും മുകളിലുള്ളതുമായ ഏതു കാര്യത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായമുള്ളയാളാണ്. സര്‍വ്വോപരി കൃശഗാത്രനും, കമ്യൂണിസ്റ്റ് അനുഭാവിയുമാണ്. മുമ്പ് കേരള ദിനേശ് ബീഡിതൊഴിലാളിയായിരുന്നു. ഏറ്റവും കൂടുതല്‍ ബീഡിതെറുക്കുന്നതിനുള്ള ബഹുമതി രാഘവേട്ടന് പലപ്രാവശ്യം ലഭിച്ചിരുന്നു. കെ ഡി ബി ആഴ്ചയിലെ ദിവസങ്ങളുടെ എണ്ണം കുറക്കുന്നതില്‍ പ്രതിഷേധിച്ചാണോ അതോ, സ്വന്തമായൊരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്നാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയാണോ എന്നറിയില്ല രാഘവേട്ടന്‍ ജോലി രാജിവെച്ചു. ഇപ്പോള്‍ സ്വകാര്യ ബീഡിക്കമ്പനികള്‍ക്കുവേണ്ടി വീട്ടിലിരുന്ന് ബീഡി തെറുക്കുന്നു. കൂടാതെ കര്‍ഷകതൊഴിലാളിയായും സ്വന്തമായി ചെറിയ രീതിയില്‍ കൃഷിചെയ്തും, ഈ ചെറിയ കുടുംബം സന്തുഷ്ടമായി കഴിയുന്നു.

വെള്ളമടിക്കാത്ത ദിവസങ്ങളില്‍ രാവിലത്തെ ചായകുടി കഴിഞ്ഞാലുടനെ രാഘവേട്ടന്റെ വീട്ടിനടുത്തുതന്നെയുള്ള പ്ലീസ് നാരാണേട്ടന്റെ പലചരക്കുകടയിലെത്തും. അവിടെ വരുത്തുന്ന പത്രങ്ങളായ മാതൃഭൂമി, ദേശാഭിമാനി, കേരളകൌമുദി എന്നിവയിലുള്ള എല്ലാ വാര്‍ത്തകളും വ്യക്തമായി അവിടെയുള്ള എല്ലാവരും കേള്‍കതക്കരീതിയില്‍ ഉച്ചത്തില്‍ വായിക്കും. ബീഡികമ്പനിയിലും രാഘവേട്ടനായിരുന്നു പത്ര പാരായണന്‍ എന്നു കേട്ടിട്ടുണ്ട്. പത്രപാരായണത്തിനു ശേഷം അതിലുള്ള വാര്‍തകളെക്കുറിച്ചും, ഒരേ വാര്‍തയ്കുതന്നെ മൂന്നിലുമുള്ള വ്യത്യാസങ്ങളെക്കുറിച്ചും, ഒന്നിലും വരാത്ത വാര്‍തകളെകുറിച്ചുമൊക്കെ ഗഹനമായി ചര്‍ച്ചചെയ്യും. രാഘവേട്ടന്‍ രാവിലതെ ചായയ്കു പകരം ഒരക്ഷരം കൂടുതലുള്ള ചാരായമാണ് കഴിച്ചതെങ്കില്‍ പത്രം വായന ഉണ്ടായിരിക്കുന്നതല്ല. പകരം അതിലുള്ളതും ഇല്ലാത്തതുമായ വാര്‍തകളെ കുറിച്ച് പോകുന്ന വഴിനീളെ ഏകാങ്കചര്‍ച്ച നടത്തിക്കൊണ്ടിരിക്കും.

വെള്ളമടിച്ച് നല്ലഫോമിലായാലും കണ്ണില്‍ കണ്ടവരേയും കാണാത്തവരേയും തെറിവിളിക്കുക, അസഭ്യം പറയുക,നാട്ടുകാരുടെ കൈ, കാല്‍ എന്നിവയ്ക് പണി കൊടുക്കുക ഇത്യാദി ഗുണങ്ങള്‍ രാഘവേട്ടന് തീരെയില്ല. മാത്രമല്ല ലോക്കല്‍ രാഷ്ട്രീയ പ്രവര്‍തകരെ മാത്രമല്ല, രാജ്യം ഭരിക്കുന്ന മന്ത്രിമാരെ വരെ രൂക്ഷമായി വിമര്‍ശിക്കുക, റോഡ്, പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിലെ അഴിമതിയെ ചോദ്യം ചെയ്യുക തുടങ്ങിയവ അദ്ദേഹത്തിന്റെ ഹോബിയാണ്. രാഘവേട്ടന്റെ വിമര്‍ശനം സഹിക്കവയ്യാതെ, തൊലിക്കട്ടിക്ക് അവാര്‍ഡ് നേടിയ വാര്‍ഡുമെമ്പര്‍ ഒരിക്കല്‍ പറയുകയുണ്ടായി "രാഘവാ നീയെന്നെ തല്ലിക്കൊ, എന്നാലും അങ്ങനെ പറയരുത്."എന്ന്. ഇതില്‍നിന്നും രാഘവേട്ടന്റെ വാക്കിന്റെ മൂര്‍ച്ച മനസ്സിലാക്കാം.

പിന്നെ വേറൊരു സ്വകാര്യം മറ്റാരും അറിയണ്ട "രാഘവേട്ടന്‍ അറിയപ്പെടുന്നത് പൊക്കന്‍ രാഘവന്‍ എന്നപേരിലാണ്. ഈ പേര്‍ അദ്ദേഹം അംഗീകരിച്ചിരുന്നു."

രാഘവേട്ടന്റെ വീട്ടിനടുത്താണ്, നാട്ടിലെ പ്രസിദ്ധമായ കുറുംബ ഭഗവതീ ക്ഷേത്രം. നാട്ടുകാര്‍ ഭക്തിപൂര്‍വ്വം, ചീര്‍മ്മക്കാവ് എന്നുവിളിക്കും. ഇവിടെ കുംഭമാസത്തിലെ ഭരണി, മീനമാസത്തിലെ പൂരം എന്നിവ പ്രധാനമാണ്. ഒരുദിവസം ഏതോ ഒരുത്സവത്തിന്റെ ധനശേഖരണാര്‍ഥം കമ്മറ്റിക്കാരും, സ്ഥാനികന്മാരും അമ്പലത്തില്‍നിന്നും ഇറങ്ങി റോഡിലേക്കു കയറുമ്പോഴേക്കും, നമ്മുടെ രാഘവേട്ടന്‍ നല്ലഫോമില്‍ അവിടെ നില്‍ക്കുന്നു, ആള്‍ക്കാരെക്കണ്ട രാഘവേട്ടന്‍ ചോദിച്ചു, "അച്ചന്മാരേ എന്തേ എല്ലാരും രാവിലേന്നെ?" കൂട്ടത്തിലൊരാള്‍ "രാഘവാ പൂരോല്ലെ വെരുന്നത് അതുകൊണ്ട് നാട്ട്കാരേല്ലം ഒന്ന് കണ്ടിറ്റ് ......" പറഞ്ഞുതീരുന്നതിനുമുമ്പേ രാഘവേട്ടന്‍ "അച്ചന്മാരേ ഞാനൊരുകാര്യം പറയാം, ലോക രാഷ്ട്രങ്ങളില്‍നിന്നും വസൂരി തുടച്ചുനീക്കപ്പെട്ടു. ഈ ഭൂമിയില്‍ അതിന്റെ വിത്ത് ബാക്കിയില്ലെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടോ എന്നതുതന്നെ കണ്ടുപിടികാനിരിക്കുന്നതേയുള്ളൂ. പിന്നേല്ലേ വസൂരി. അതീടപറയേണ്ട കാര്യോല്ല. ഈ ചീര്‍മ്മാന്നു പറയുന്നത് വസൂരീടെ ദേവിയാണ്. ആണല്ലോ, വസൂരിയില്ലാത്തിടത്ത് വസൂരീടെ ദേവിക്ക് പ്രസക്തിയില്ല. അതുകൊണ്ട് പൊക്കന്‍‌രാഘവനോട് പഠിപ്പ് വേണ്ട."

സുഹൃത്തുക്കളേ, ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. അവരുടെ ഒറിജിനല്‍ പേരുതന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരിതു വായിക്കാനിടവന്നാല്‍ എന്റെകാര്യം പോക്കാ.

ഇതില്പറഞ്ഞ സ്ഥലങ്ങള്‍ ഗൂഗ്‌ള്‍ എര്‍ത്തില്‍:

രാഘവേട്ടന്റെ വീട് - 12"18‘ 44.81"N 75" 08' 42.29"E 42ft

ചീര്‍മ്മക്കാവ് - 12" 18'44.22" N 75" 08'39.18" E 44ft

പ്ലീസ് നാരാണേട്ടന്റെ പലചരക്കു കട - 12" 18'41.46" N 75" 08' 44.89" E 33ft

ചുള്ളിക്കാല്‍ തറവാടും കാണാം - 12"18'33.93N 75"08'40.80E 42ft

Tuesday, September 05, 2006

വീഴ്ച

വിഘ്നേശ്വരന്‍ മാഷ് സ്വന്തമായി സ്കൂട്ടര്‍ വാങ്ങി ഓടിക്കുവാന്‍ തുടങ്ങിയ അന്നാണ് അദ്ദേഹം ആദ്യമായി അതിന്റെകൂടെ വീണത്. അന്നുതൊട്ടിന്നുവരെ എപ്പോഴൊക്കെ അദ്ദേഹം അതിന്റെകൂടെ വീണിട്ടുണ്ടോ, അപ്പോഴൊക്കെ അദ്ദേഹത്തിന്റെ അയല്‍ക്കാരനും, ചങ്ങാതിയുമായ പോലീസ് നാരാണേട്ടനും കൂടെയുണ്ടാവും. മാഷ് വീഴുന്നത് അദ്ദേഹത്തിന് സ്കൂട്ടര്‍ ഓടിക്കനറിയാത്തതുകൊണ്ടോ, സ്കൂട്ടറിന് തകരാറുസംഭവിച്ചതുകൊണ്ടോ അല്ല, അങ്ങനെയാണെങ്കില്‍ ഇത്ര ക്റുത്യമായി, ക്റുത്യസ്ഥലത്തെത്തുമ്പോള്‍തന്നെ വീഴുമോ? അതുമല്ല സ്കൂളിലേക്ക് പോകുമ്പോഴോ, വൈകുന്നേരം സ്കൂള്‍ വിട്ടശേഷം പോലീസ്റ്റേഷനില്‍ പോയി നാരാണേട്ടനേയും കൂട്ടിവന്ന് ഈ ക്റുത്യസ്ഥലത്തെത്തുന്നതുവരെ വേറെ എവിടെയും അവര്‍ വീഴുന്നില്ലല്ലോ? മെയിന്‍ റോഡില്‍നിന്നും ഇദ്ദേഹത്തിന്റെ വീടിന്റെ മുന്‍പിലൂടെ ബ്ലോക്കോഫീസ് വരെ, ടാറിട്ടതും വീതികുറഞ്ഞതുമായ ഒരു ബൈപാസ് റോഡുണ്ട്. ഈ റോഡില്‍ അദ്ദേഹത്തിന്റെ വീട്ടിനടുത്തായി ഒരു ചെറിയ വളവ് ഇടത്തോട്ടും, പിന്നെ ഒരു പത്തുപതിനഞ്ച് മീറ്റര്‍ കഴിഞ്ഞ് അത്രതന്നെ വളവ് വലത്തോട്ടും ഉണ്ട്. മാഷുടെ സ്കൂട്ടര്‍ ഈ വളവിനെ മൈന്റ് ചെയ്യാതങ്ങുപോകും.

പാടം നികത്തിയുണ്ടാക്കിയ റോഡായതുകൊണ്ടും, വീഴ്ച പതിവായതുകൊണ്ടും, വീഴ്ചയ്ക് കാഴ്ചക്കാര്‍ കുറവായതുകൊണ്ടും, വീഴ്ചയില്‍ പരിക്കൊന്നും പറ്റാത്തതുകൊണ്ടും ഇവരുടെ വീഴ്ച നിര്‍ബാധം തുടരുന്നു. ആദ്യത്തെ വീഴ്ചയില്‍മാത്രം മൂന്നുപേരും രണ്ടുമാസം വിശ്രമിക്കേണ്ടിവന്നു. വിഘ്നേശ്വരന്‍ മാഷുടെ കൈ, പോലീസ് നാരാണേട്ടന്റെ കാല്‍ എന്നിവ യഥാക്രമം പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കേണ്ടിവന്നു. സ്കൂട്ടറിന് ഒന്നും പറ്റിയില്ലെങ്കിലും, സാരധിയില്ലാത്തതിനാല്‍ തൊഴുത്തില്‍ കെട്ടപ്പെട്ടു. അതിനുശേഷമുള്ള വീഴ്ചകളില്‍ മാഷുടെ മുണ്ടില്‍ ചെളിപറ്റുക, ചെരുപ്പിന്റെ വള്ളിപൊട്ടുക, കൈ കാല്‍ മുട്ടുകളിലെ തൊലിക്ക് സ്ഥലം മാറ്റം കിട്ടുക എന്നതൊഴിച്ചാല്‍ വേറൊന്നും സംഭവിക്കാറില്ല. പോലീസ് നാരാണേട്ടന്‍ വീഴ്ചയ്ക് തൊട്ടുമുന്‍പ് ചാടിരക്ഷപ്പെട്ടിട്ടുണ്ടാവും, ഇതിനെകുറിച്ച് പോലീസ് നാരാണേട്ടനോട് ചോദിക്കാം.

‘നാരാണേട്ടാ മാഷുടെ കൂടെ സ്കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍, മാഷും സ്കൂട്ടറും വീഴുമ്പോള്‍ താങ്കള്‍ എന്തുകൊണ്ടാണ് വീഴാത്തത്?‘

"ഞാനൊരുപ്രാവശ്യം വീണ് കാലൊടിഞ്ഞ് രണ്ടുമാസം കിടന്നതാണ്. ഒരുവീഴ്ചയൊക്കെ ഏതു പോലീസുകാരനും പറ്റുമല്ലോ? അതിനുശേഷം അവിടെയെത്തുമ്പോള്‍ എനിക്കറിയാം, വണ്ടിയോടിക്കുന്നത് മാഷല്ലേ? വീഴുന്നകാര്യം ഷുവറ്. അതുകൊണ്ട് ഞാന്‍ ചാടാന്‍ റെഡിയായിരിക്കും, വീഴാന്‍ തുടങ്ങുമ്പോള്‍തന്നെ ചാടിരക്ഷപ്പെടും. അത്രതന്നെ."

ക്റുത്യമായി, ക്റുത്യ സ്ഥലത്തുതന്നെ വീഴുന്നതിനെ കുറിച്ച് വിഘ്നേശ്വരന്മാഷോട്,

‘മാഷെ, മാഷുടെ വണ്ടിയും, മാഷും, പോലീസുനാരാണേട്ടനും കൂടിവരുമ്പോഴാണല്ലോ എപ്പോഴും,ക്റുത്യമായി, ക്റുത്യ സ്ഥലത്തുതന്നെ വീഴുന്നത്? ഇതിന്നുവല്ല കാരണവുമുണ്ടോ?‘

"അതേ, ഈ റോഡിന്റെ പണിയെടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ഈ വളവ് ഇവിടെ വേണ്ടാന്ന്. അന്നതാരും കേട്ടില്ല. അല്ല നിങ്ങള്‍തന്നെ പറ ഈ വളവിന്റെ ആവശ്യമുണ്ടോടോ ഇവിടെ?"

എന്തുകൊണ്ടായിരിക്കാം മാഷ് അവിടെതന്നെ വീഴുന്നത്? റോഡിലെ വളവിനെ മാഷ് അംഗീകരിക്കാത്തതുകൊണ്ടാണോ, അതോ റോഡിലെ വളവ് മാഷിനെ അംഗീകരിക്കാത്തതുകൊണ്ടാണോ?


ഇതിന് നാട്ടില്‍ നടന്ന സംഭവവുമായും, ഇതിലെ കഥാപാത്രങ്ങള്‍ക്ക് നാട്ടിലെ ചിലരുമായോ സാമ്യമുണ്ടാകാനുള്ള സാധ്യത ഇല്ലാതില്ല. അതിന് ഞാനൊരുതരത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല. വല്ല ആക്ഷേപവുമുണ്ടെങ്കില്‍ വിഘ്നേശ്വരന്മാഷുടെ വേറൊരയല്‍കാരനായ, ഈ സംഭവം എന്നോടു പറഞ്ഞ എന്റെ ചങ്ങാതിയെ അറിയിക്കുക.

പകര്‍പ്പവകാശം ഇതു വായിക്കുന്ന എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നു.