പുഴകളും, തോടുകളും, ചെറുചാലുകളും, മടക്കുകളായി കിടക്കുന്ന മലകളും, റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച, പ്രക്രുതി രമണീയമായ എന്റെ ഗ്രാമത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

Tuesday, September 05, 2006

വീഴ്ച

വിഘ്നേശ്വരന്‍ മാഷ് സ്വന്തമായി സ്കൂട്ടര്‍ വാങ്ങി ഓടിക്കുവാന്‍ തുടങ്ങിയ അന്നാണ് അദ്ദേഹം ആദ്യമായി അതിന്റെകൂടെ വീണത്. അന്നുതൊട്ടിന്നുവരെ എപ്പോഴൊക്കെ അദ്ദേഹം അതിന്റെകൂടെ വീണിട്ടുണ്ടോ, അപ്പോഴൊക്കെ അദ്ദേഹത്തിന്റെ അയല്‍ക്കാരനും, ചങ്ങാതിയുമായ പോലീസ് നാരാണേട്ടനും കൂടെയുണ്ടാവും. മാഷ് വീഴുന്നത് അദ്ദേഹത്തിന് സ്കൂട്ടര്‍ ഓടിക്കനറിയാത്തതുകൊണ്ടോ, സ്കൂട്ടറിന് തകരാറുസംഭവിച്ചതുകൊണ്ടോ അല്ല, അങ്ങനെയാണെങ്കില്‍ ഇത്ര ക്റുത്യമായി, ക്റുത്യസ്ഥലത്തെത്തുമ്പോള്‍തന്നെ വീഴുമോ? അതുമല്ല സ്കൂളിലേക്ക് പോകുമ്പോഴോ, വൈകുന്നേരം സ്കൂള്‍ വിട്ടശേഷം പോലീസ്റ്റേഷനില്‍ പോയി നാരാണേട്ടനേയും കൂട്ടിവന്ന് ഈ ക്റുത്യസ്ഥലത്തെത്തുന്നതുവരെ വേറെ എവിടെയും അവര്‍ വീഴുന്നില്ലല്ലോ? മെയിന്‍ റോഡില്‍നിന്നും ഇദ്ദേഹത്തിന്റെ വീടിന്റെ മുന്‍പിലൂടെ ബ്ലോക്കോഫീസ് വരെ, ടാറിട്ടതും വീതികുറഞ്ഞതുമായ ഒരു ബൈപാസ് റോഡുണ്ട്. ഈ റോഡില്‍ അദ്ദേഹത്തിന്റെ വീട്ടിനടുത്തായി ഒരു ചെറിയ വളവ് ഇടത്തോട്ടും, പിന്നെ ഒരു പത്തുപതിനഞ്ച് മീറ്റര്‍ കഴിഞ്ഞ് അത്രതന്നെ വളവ് വലത്തോട്ടും ഉണ്ട്. മാഷുടെ സ്കൂട്ടര്‍ ഈ വളവിനെ മൈന്റ് ചെയ്യാതങ്ങുപോകും.

പാടം നികത്തിയുണ്ടാക്കിയ റോഡായതുകൊണ്ടും, വീഴ്ച പതിവായതുകൊണ്ടും, വീഴ്ചയ്ക് കാഴ്ചക്കാര്‍ കുറവായതുകൊണ്ടും, വീഴ്ചയില്‍ പരിക്കൊന്നും പറ്റാത്തതുകൊണ്ടും ഇവരുടെ വീഴ്ച നിര്‍ബാധം തുടരുന്നു. ആദ്യത്തെ വീഴ്ചയില്‍മാത്രം മൂന്നുപേരും രണ്ടുമാസം വിശ്രമിക്കേണ്ടിവന്നു. വിഘ്നേശ്വരന്‍ മാഷുടെ കൈ, പോലീസ് നാരാണേട്ടന്റെ കാല്‍ എന്നിവ യഥാക്രമം പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കേണ്ടിവന്നു. സ്കൂട്ടറിന് ഒന്നും പറ്റിയില്ലെങ്കിലും, സാരധിയില്ലാത്തതിനാല്‍ തൊഴുത്തില്‍ കെട്ടപ്പെട്ടു. അതിനുശേഷമുള്ള വീഴ്ചകളില്‍ മാഷുടെ മുണ്ടില്‍ ചെളിപറ്റുക, ചെരുപ്പിന്റെ വള്ളിപൊട്ടുക, കൈ കാല്‍ മുട്ടുകളിലെ തൊലിക്ക് സ്ഥലം മാറ്റം കിട്ടുക എന്നതൊഴിച്ചാല്‍ വേറൊന്നും സംഭവിക്കാറില്ല. പോലീസ് നാരാണേട്ടന്‍ വീഴ്ചയ്ക് തൊട്ടുമുന്‍പ് ചാടിരക്ഷപ്പെട്ടിട്ടുണ്ടാവും, ഇതിനെകുറിച്ച് പോലീസ് നാരാണേട്ടനോട് ചോദിക്കാം.

‘നാരാണേട്ടാ മാഷുടെ കൂടെ സ്കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍, മാഷും സ്കൂട്ടറും വീഴുമ്പോള്‍ താങ്കള്‍ എന്തുകൊണ്ടാണ് വീഴാത്തത്?‘

"ഞാനൊരുപ്രാവശ്യം വീണ് കാലൊടിഞ്ഞ് രണ്ടുമാസം കിടന്നതാണ്. ഒരുവീഴ്ചയൊക്കെ ഏതു പോലീസുകാരനും പറ്റുമല്ലോ? അതിനുശേഷം അവിടെയെത്തുമ്പോള്‍ എനിക്കറിയാം, വണ്ടിയോടിക്കുന്നത് മാഷല്ലേ? വീഴുന്നകാര്യം ഷുവറ്. അതുകൊണ്ട് ഞാന്‍ ചാടാന്‍ റെഡിയായിരിക്കും, വീഴാന്‍ തുടങ്ങുമ്പോള്‍തന്നെ ചാടിരക്ഷപ്പെടും. അത്രതന്നെ."

ക്റുത്യമായി, ക്റുത്യ സ്ഥലത്തുതന്നെ വീഴുന്നതിനെ കുറിച്ച് വിഘ്നേശ്വരന്മാഷോട്,

‘മാഷെ, മാഷുടെ വണ്ടിയും, മാഷും, പോലീസുനാരാണേട്ടനും കൂടിവരുമ്പോഴാണല്ലോ എപ്പോഴും,ക്റുത്യമായി, ക്റുത്യ സ്ഥലത്തുതന്നെ വീഴുന്നത്? ഇതിന്നുവല്ല കാരണവുമുണ്ടോ?‘

"അതേ, ഈ റോഡിന്റെ പണിയെടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ഈ വളവ് ഇവിടെ വേണ്ടാന്ന്. അന്നതാരും കേട്ടില്ല. അല്ല നിങ്ങള്‍തന്നെ പറ ഈ വളവിന്റെ ആവശ്യമുണ്ടോടോ ഇവിടെ?"

എന്തുകൊണ്ടായിരിക്കാം മാഷ് അവിടെതന്നെ വീഴുന്നത്? റോഡിലെ വളവിനെ മാഷ് അംഗീകരിക്കാത്തതുകൊണ്ടാണോ, അതോ റോഡിലെ വളവ് മാഷിനെ അംഗീകരിക്കാത്തതുകൊണ്ടാണോ?


ഇതിന് നാട്ടില്‍ നടന്ന സംഭവവുമായും, ഇതിലെ കഥാപാത്രങ്ങള്‍ക്ക് നാട്ടിലെ ചിലരുമായോ സാമ്യമുണ്ടാകാനുള്ള സാധ്യത ഇല്ലാതില്ല. അതിന് ഞാനൊരുതരത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല. വല്ല ആക്ഷേപവുമുണ്ടെങ്കില്‍ വിഘ്നേശ്വരന്മാഷുടെ വേറൊരയല്‍കാരനായ, ഈ സംഭവം എന്നോടു പറഞ്ഞ എന്റെ ചങ്ങാതിയെ അറിയിക്കുക.

പകര്‍പ്പവകാശം ഇതു വായിക്കുന്ന എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നു.

3 Comments:

Blogger ചുള്ളിക്കാലെ ബാബു said...

വീണിതല്ലോ കിടക്കുന്നു.......

Tuesday, September 05, 2006 2:32:00 PM

 
Blogger വല്യമ്മായി said...

പോരട്ടെ കൂടുതല്‍ മടിക്കൈ വിശേഷങ്ങള്‍

Tuesday, September 05, 2006 2:44:00 PM

 
Blogger Rasheed Chalil said...

നന്നായി.. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം.

Tuesday, September 05, 2006 3:29:00 PM

 

Post a Comment

<< Home