പുഴകളും, തോടുകളും, ചെറുചാലുകളും, മടക്കുകളായി കിടക്കുന്ന മലകളും, റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച, പ്രക്രുതി രമണീയമായ എന്റെ ഗ്രാമത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

Tuesday, January 02, 2007

പൂക്കാലം


പുതുവത്സരാശംസകള്‍!

പ്രിയപ്പെട്ടവരെ, ഈ നവവര്‍ഷാരംഭത്തില്‍,
എല്ലാ ബ്ലോഗര്‍ മാര്‍ക്കും അക്ഷരപ്പൂക്കാലം വരുത്താന്‍ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാ വായനക്കാര്‍ക്കും അറിവിന്റെ പൂക്കാലം വിടരട്ടെ എന്നാശംസിക്കുന്നു.

Wednesday, September 13, 2006

പ്രസക്തി


രാഘവേട്ടന്‍ വെള്ളമടിക്കാന്‍ തുടങ്ങിയാല്‍ ഫുള്‍ടൈം വെള്ളത്തിലായിരിക്കും. അല്ലാത്തസമയത്ത് ഇത്രനല്ല ആള്‍ വേറെയുണ്ടോ എന്നു സംശയം. സല്‍‌സ്വഭാവിയാണ്, ബുധ്ദിമാനാണ്, ആരോടും കയര്‍തുസംസാരിക്കാത്തവനാണ്, നല്ലരീതിയില്‍ മറ്റുള്ളവരെ ഉപദേശിക്കുന്നവനാണ്, ലോകപരിചയമില്ലെങ്കിലും ലോകവിവരമുള്ളവനാണ്, സൂര്യനുതാഴെയുള്ളതും മുകളിലുള്ളതുമായ ഏതു കാര്യത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായമുള്ളയാളാണ്. സര്‍വ്വോപരി കൃശഗാത്രനും, കമ്യൂണിസ്റ്റ് അനുഭാവിയുമാണ്. മുമ്പ് കേരള ദിനേശ് ബീഡിതൊഴിലാളിയായിരുന്നു. ഏറ്റവും കൂടുതല്‍ ബീഡിതെറുക്കുന്നതിനുള്ള ബഹുമതി രാഘവേട്ടന് പലപ്രാവശ്യം ലഭിച്ചിരുന്നു. കെ ഡി ബി ആഴ്ചയിലെ ദിവസങ്ങളുടെ എണ്ണം കുറക്കുന്നതില്‍ പ്രതിഷേധിച്ചാണോ അതോ, സ്വന്തമായൊരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്നാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയാണോ എന്നറിയില്ല രാഘവേട്ടന്‍ ജോലി രാജിവെച്ചു. ഇപ്പോള്‍ സ്വകാര്യ ബീഡിക്കമ്പനികള്‍ക്കുവേണ്ടി വീട്ടിലിരുന്ന് ബീഡി തെറുക്കുന്നു. കൂടാതെ കര്‍ഷകതൊഴിലാളിയായും സ്വന്തമായി ചെറിയ രീതിയില്‍ കൃഷിചെയ്തും, ഈ ചെറിയ കുടുംബം സന്തുഷ്ടമായി കഴിയുന്നു.

വെള്ളമടിക്കാത്ത ദിവസങ്ങളില്‍ രാവിലത്തെ ചായകുടി കഴിഞ്ഞാലുടനെ രാഘവേട്ടന്റെ വീട്ടിനടുത്തുതന്നെയുള്ള പ്ലീസ് നാരാണേട്ടന്റെ പലചരക്കുകടയിലെത്തും. അവിടെ വരുത്തുന്ന പത്രങ്ങളായ മാതൃഭൂമി, ദേശാഭിമാനി, കേരളകൌമുദി എന്നിവയിലുള്ള എല്ലാ വാര്‍ത്തകളും വ്യക്തമായി അവിടെയുള്ള എല്ലാവരും കേള്‍കതക്കരീതിയില്‍ ഉച്ചത്തില്‍ വായിക്കും. ബീഡികമ്പനിയിലും രാഘവേട്ടനായിരുന്നു പത്ര പാരായണന്‍ എന്നു കേട്ടിട്ടുണ്ട്. പത്രപാരായണത്തിനു ശേഷം അതിലുള്ള വാര്‍തകളെക്കുറിച്ചും, ഒരേ വാര്‍തയ്കുതന്നെ മൂന്നിലുമുള്ള വ്യത്യാസങ്ങളെക്കുറിച്ചും, ഒന്നിലും വരാത്ത വാര്‍തകളെകുറിച്ചുമൊക്കെ ഗഹനമായി ചര്‍ച്ചചെയ്യും. രാഘവേട്ടന്‍ രാവിലതെ ചായയ്കു പകരം ഒരക്ഷരം കൂടുതലുള്ള ചാരായമാണ് കഴിച്ചതെങ്കില്‍ പത്രം വായന ഉണ്ടായിരിക്കുന്നതല്ല. പകരം അതിലുള്ളതും ഇല്ലാത്തതുമായ വാര്‍തകളെ കുറിച്ച് പോകുന്ന വഴിനീളെ ഏകാങ്കചര്‍ച്ച നടത്തിക്കൊണ്ടിരിക്കും.

വെള്ളമടിച്ച് നല്ലഫോമിലായാലും കണ്ണില്‍ കണ്ടവരേയും കാണാത്തവരേയും തെറിവിളിക്കുക, അസഭ്യം പറയുക,നാട്ടുകാരുടെ കൈ, കാല്‍ എന്നിവയ്ക് പണി കൊടുക്കുക ഇത്യാദി ഗുണങ്ങള്‍ രാഘവേട്ടന് തീരെയില്ല. മാത്രമല്ല ലോക്കല്‍ രാഷ്ട്രീയ പ്രവര്‍തകരെ മാത്രമല്ല, രാജ്യം ഭരിക്കുന്ന മന്ത്രിമാരെ വരെ രൂക്ഷമായി വിമര്‍ശിക്കുക, റോഡ്, പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിലെ അഴിമതിയെ ചോദ്യം ചെയ്യുക തുടങ്ങിയവ അദ്ദേഹത്തിന്റെ ഹോബിയാണ്. രാഘവേട്ടന്റെ വിമര്‍ശനം സഹിക്കവയ്യാതെ, തൊലിക്കട്ടിക്ക് അവാര്‍ഡ് നേടിയ വാര്‍ഡുമെമ്പര്‍ ഒരിക്കല്‍ പറയുകയുണ്ടായി "രാഘവാ നീയെന്നെ തല്ലിക്കൊ, എന്നാലും അങ്ങനെ പറയരുത്."എന്ന്. ഇതില്‍നിന്നും രാഘവേട്ടന്റെ വാക്കിന്റെ മൂര്‍ച്ച മനസ്സിലാക്കാം.

പിന്നെ വേറൊരു സ്വകാര്യം മറ്റാരും അറിയണ്ട "രാഘവേട്ടന്‍ അറിയപ്പെടുന്നത് പൊക്കന്‍ രാഘവന്‍ എന്നപേരിലാണ്. ഈ പേര്‍ അദ്ദേഹം അംഗീകരിച്ചിരുന്നു."

രാഘവേട്ടന്റെ വീട്ടിനടുത്താണ്, നാട്ടിലെ പ്രസിദ്ധമായ കുറുംബ ഭഗവതീ ക്ഷേത്രം. നാട്ടുകാര്‍ ഭക്തിപൂര്‍വ്വം, ചീര്‍മ്മക്കാവ് എന്നുവിളിക്കും. ഇവിടെ കുംഭമാസത്തിലെ ഭരണി, മീനമാസത്തിലെ പൂരം എന്നിവ പ്രധാനമാണ്. ഒരുദിവസം ഏതോ ഒരുത്സവത്തിന്റെ ധനശേഖരണാര്‍ഥം കമ്മറ്റിക്കാരും, സ്ഥാനികന്മാരും അമ്പലത്തില്‍നിന്നും ഇറങ്ങി റോഡിലേക്കു കയറുമ്പോഴേക്കും, നമ്മുടെ രാഘവേട്ടന്‍ നല്ലഫോമില്‍ അവിടെ നില്‍ക്കുന്നു, ആള്‍ക്കാരെക്കണ്ട രാഘവേട്ടന്‍ ചോദിച്ചു, "അച്ചന്മാരേ എന്തേ എല്ലാരും രാവിലേന്നെ?" കൂട്ടത്തിലൊരാള്‍ "രാഘവാ പൂരോല്ലെ വെരുന്നത് അതുകൊണ്ട് നാട്ട്കാരേല്ലം ഒന്ന് കണ്ടിറ്റ് ......" പറഞ്ഞുതീരുന്നതിനുമുമ്പേ രാഘവേട്ടന്‍ "അച്ചന്മാരേ ഞാനൊരുകാര്യം പറയാം, ലോക രാഷ്ട്രങ്ങളില്‍നിന്നും വസൂരി തുടച്ചുനീക്കപ്പെട്ടു. ഈ ഭൂമിയില്‍ അതിന്റെ വിത്ത് ബാക്കിയില്ലെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടോ എന്നതുതന്നെ കണ്ടുപിടികാനിരിക്കുന്നതേയുള്ളൂ. പിന്നേല്ലേ വസൂരി. അതീടപറയേണ്ട കാര്യോല്ല. ഈ ചീര്‍മ്മാന്നു പറയുന്നത് വസൂരീടെ ദേവിയാണ്. ആണല്ലോ, വസൂരിയില്ലാത്തിടത്ത് വസൂരീടെ ദേവിക്ക് പ്രസക്തിയില്ല. അതുകൊണ്ട് പൊക്കന്‍‌രാഘവനോട് പഠിപ്പ് വേണ്ട."

സുഹൃത്തുക്കളേ, ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. അവരുടെ ഒറിജിനല്‍ പേരുതന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരിതു വായിക്കാനിടവന്നാല്‍ എന്റെകാര്യം പോക്കാ.

ഇതില്പറഞ്ഞ സ്ഥലങ്ങള്‍ ഗൂഗ്‌ള്‍ എര്‍ത്തില്‍:

രാഘവേട്ടന്റെ വീട് - 12"18‘ 44.81"N 75" 08' 42.29"E 42ft

ചീര്‍മ്മക്കാവ് - 12" 18'44.22" N 75" 08'39.18" E 44ft

പ്ലീസ് നാരാണേട്ടന്റെ പലചരക്കു കട - 12" 18'41.46" N 75" 08' 44.89" E 33ft

ചുള്ളിക്കാല്‍ തറവാടും കാണാം - 12"18'33.93N 75"08'40.80E 42ft

Tuesday, September 05, 2006

വീഴ്ച

വിഘ്നേശ്വരന്‍ മാഷ് സ്വന്തമായി സ്കൂട്ടര്‍ വാങ്ങി ഓടിക്കുവാന്‍ തുടങ്ങിയ അന്നാണ് അദ്ദേഹം ആദ്യമായി അതിന്റെകൂടെ വീണത്. അന്നുതൊട്ടിന്നുവരെ എപ്പോഴൊക്കെ അദ്ദേഹം അതിന്റെകൂടെ വീണിട്ടുണ്ടോ, അപ്പോഴൊക്കെ അദ്ദേഹത്തിന്റെ അയല്‍ക്കാരനും, ചങ്ങാതിയുമായ പോലീസ് നാരാണേട്ടനും കൂടെയുണ്ടാവും. മാഷ് വീഴുന്നത് അദ്ദേഹത്തിന് സ്കൂട്ടര്‍ ഓടിക്കനറിയാത്തതുകൊണ്ടോ, സ്കൂട്ടറിന് തകരാറുസംഭവിച്ചതുകൊണ്ടോ അല്ല, അങ്ങനെയാണെങ്കില്‍ ഇത്ര ക്റുത്യമായി, ക്റുത്യസ്ഥലത്തെത്തുമ്പോള്‍തന്നെ വീഴുമോ? അതുമല്ല സ്കൂളിലേക്ക് പോകുമ്പോഴോ, വൈകുന്നേരം സ്കൂള്‍ വിട്ടശേഷം പോലീസ്റ്റേഷനില്‍ പോയി നാരാണേട്ടനേയും കൂട്ടിവന്ന് ഈ ക്റുത്യസ്ഥലത്തെത്തുന്നതുവരെ വേറെ എവിടെയും അവര്‍ വീഴുന്നില്ലല്ലോ? മെയിന്‍ റോഡില്‍നിന്നും ഇദ്ദേഹത്തിന്റെ വീടിന്റെ മുന്‍പിലൂടെ ബ്ലോക്കോഫീസ് വരെ, ടാറിട്ടതും വീതികുറഞ്ഞതുമായ ഒരു ബൈപാസ് റോഡുണ്ട്. ഈ റോഡില്‍ അദ്ദേഹത്തിന്റെ വീട്ടിനടുത്തായി ഒരു ചെറിയ വളവ് ഇടത്തോട്ടും, പിന്നെ ഒരു പത്തുപതിനഞ്ച് മീറ്റര്‍ കഴിഞ്ഞ് അത്രതന്നെ വളവ് വലത്തോട്ടും ഉണ്ട്. മാഷുടെ സ്കൂട്ടര്‍ ഈ വളവിനെ മൈന്റ് ചെയ്യാതങ്ങുപോകും.

പാടം നികത്തിയുണ്ടാക്കിയ റോഡായതുകൊണ്ടും, വീഴ്ച പതിവായതുകൊണ്ടും, വീഴ്ചയ്ക് കാഴ്ചക്കാര്‍ കുറവായതുകൊണ്ടും, വീഴ്ചയില്‍ പരിക്കൊന്നും പറ്റാത്തതുകൊണ്ടും ഇവരുടെ വീഴ്ച നിര്‍ബാധം തുടരുന്നു. ആദ്യത്തെ വീഴ്ചയില്‍മാത്രം മൂന്നുപേരും രണ്ടുമാസം വിശ്രമിക്കേണ്ടിവന്നു. വിഘ്നേശ്വരന്‍ മാഷുടെ കൈ, പോലീസ് നാരാണേട്ടന്റെ കാല്‍ എന്നിവ യഥാക്രമം പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കേണ്ടിവന്നു. സ്കൂട്ടറിന് ഒന്നും പറ്റിയില്ലെങ്കിലും, സാരധിയില്ലാത്തതിനാല്‍ തൊഴുത്തില്‍ കെട്ടപ്പെട്ടു. അതിനുശേഷമുള്ള വീഴ്ചകളില്‍ മാഷുടെ മുണ്ടില്‍ ചെളിപറ്റുക, ചെരുപ്പിന്റെ വള്ളിപൊട്ടുക, കൈ കാല്‍ മുട്ടുകളിലെ തൊലിക്ക് സ്ഥലം മാറ്റം കിട്ടുക എന്നതൊഴിച്ചാല്‍ വേറൊന്നും സംഭവിക്കാറില്ല. പോലീസ് നാരാണേട്ടന്‍ വീഴ്ചയ്ക് തൊട്ടുമുന്‍പ് ചാടിരക്ഷപ്പെട്ടിട്ടുണ്ടാവും, ഇതിനെകുറിച്ച് പോലീസ് നാരാണേട്ടനോട് ചോദിക്കാം.

‘നാരാണേട്ടാ മാഷുടെ കൂടെ സ്കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍, മാഷും സ്കൂട്ടറും വീഴുമ്പോള്‍ താങ്കള്‍ എന്തുകൊണ്ടാണ് വീഴാത്തത്?‘

"ഞാനൊരുപ്രാവശ്യം വീണ് കാലൊടിഞ്ഞ് രണ്ടുമാസം കിടന്നതാണ്. ഒരുവീഴ്ചയൊക്കെ ഏതു പോലീസുകാരനും പറ്റുമല്ലോ? അതിനുശേഷം അവിടെയെത്തുമ്പോള്‍ എനിക്കറിയാം, വണ്ടിയോടിക്കുന്നത് മാഷല്ലേ? വീഴുന്നകാര്യം ഷുവറ്. അതുകൊണ്ട് ഞാന്‍ ചാടാന്‍ റെഡിയായിരിക്കും, വീഴാന്‍ തുടങ്ങുമ്പോള്‍തന്നെ ചാടിരക്ഷപ്പെടും. അത്രതന്നെ."

ക്റുത്യമായി, ക്റുത്യ സ്ഥലത്തുതന്നെ വീഴുന്നതിനെ കുറിച്ച് വിഘ്നേശ്വരന്മാഷോട്,

‘മാഷെ, മാഷുടെ വണ്ടിയും, മാഷും, പോലീസുനാരാണേട്ടനും കൂടിവരുമ്പോഴാണല്ലോ എപ്പോഴും,ക്റുത്യമായി, ക്റുത്യ സ്ഥലത്തുതന്നെ വീഴുന്നത്? ഇതിന്നുവല്ല കാരണവുമുണ്ടോ?‘

"അതേ, ഈ റോഡിന്റെ പണിയെടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ഈ വളവ് ഇവിടെ വേണ്ടാന്ന്. അന്നതാരും കേട്ടില്ല. അല്ല നിങ്ങള്‍തന്നെ പറ ഈ വളവിന്റെ ആവശ്യമുണ്ടോടോ ഇവിടെ?"

എന്തുകൊണ്ടായിരിക്കാം മാഷ് അവിടെതന്നെ വീഴുന്നത്? റോഡിലെ വളവിനെ മാഷ് അംഗീകരിക്കാത്തതുകൊണ്ടാണോ, അതോ റോഡിലെ വളവ് മാഷിനെ അംഗീകരിക്കാത്തതുകൊണ്ടാണോ?


ഇതിന് നാട്ടില്‍ നടന്ന സംഭവവുമായും, ഇതിലെ കഥാപാത്രങ്ങള്‍ക്ക് നാട്ടിലെ ചിലരുമായോ സാമ്യമുണ്ടാകാനുള്ള സാധ്യത ഇല്ലാതില്ല. അതിന് ഞാനൊരുതരത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല. വല്ല ആക്ഷേപവുമുണ്ടെങ്കില്‍ വിഘ്നേശ്വരന്മാഷുടെ വേറൊരയല്‍കാരനായ, ഈ സംഭവം എന്നോടു പറഞ്ഞ എന്റെ ചങ്ങാതിയെ അറിയിക്കുക.

പകര്‍പ്പവകാശം ഇതു വായിക്കുന്ന എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നു.

Saturday, August 26, 2006

വിശ്വാസം


ഞാനൊരു ദൈവ വിശ്വാസിയാണോ?
അതെ!
എന്താ കാരണം?
ദൈവത്തില്‍ വിശ്വസിക്കുന്നു അത്ര തന്നെ.
അപ്പോള്‍ എന്താണു ദൈവം?
ദൈവം.......!
ദൈവം അമ്പലങ്ങളിലോ, പള്ളികളിലോ സ്തിരതാമസക്കാരനല്ലെന്നാണ് എന്റെ വിശ്വാസം.
പിന്നെ ദേവാലയങ്ങളോ?
അത് ..നമ്മുടെ ശരീരത്തില്‍ ഓരോ പ്രധാനപ്പെട്ട അവയവങ്ങളുള്ളതുപോലെ ഭൂമിയിലെ പ്രധാനപ്പെട്ട സ്തലങ്ങളാണ്.
വിഗ്രഹാരാധന?
നാട്ടുകാരെയും, വീട്ടുകാരെയും, തന്നെതന്നെയും വിശ്വാസമില്ലാത്തവര്‍ കണ്മുമ്പില്‍ കാണാത്ത ദൈവത്തെ എങ്ങനെ വിശ്വസിക്കാന്‍? അതുകൊണ്ട് ബിംബത്തെ ദൈവമായി കാണുന്നു, ആരാധിക്കുന്നു.
കാഴ്ച്പ്പാടാണ് പ്രധാനം.
ഞാന്‍ ജ്ന്മനാ ഒരു ഇലക്ട്രിഷ്യന്‍ ആയതു കൊണ്ടാണോ എന്നറിയില്ല ഞാന്‍ വിശ്വസിക്കുന്ന ദൈവം അതല്ല.
എന്റെ കുഞ്ഞുന്നാളില്‍ എന്നുവച്ചാല്‍ രണ്ടാം ക്ലാസിലായിരിക്കുമ്പോള്‍ നടന്ന സംഭവമാണ് പിന്നീട് എന്നെ ദൈവവിശ്വാസിയാക്കിയത്. അതിപ്രകാരമാണ്,
വീട്ടിലൊരു ബള്‍ബിന്റെ സ്വിച്ചിനൊരു പ്രശ്നം, എന്തെന്നാല്‍ ഓണ്‍ചെയ്ത് കൈയെടുക്കുമ്പോള്‍ ഓഫ്ഫാകും.ആ സ്വിച്ച് അപ്പോഴത്തെ ലേറ്റസ്റ്റ് മോഡലും ഇപ്പോള്‍ കണനില്ലാത്തതുമായ ഒന്നാണ്. രണ്ടിഞ്ച് നീളംഗുണം വീതി ഗുണം കനം ഉള്ള ഒരു ചതുരക്കട്ട, അതില്‍നിന്ന് പല്ലുപോലുള്ളൊരു സാധനം പുറത്തേക്ക് നീണ്ടുനില്‍ക്കുന്നുണ്ട്. ഇത് താഴേക്കും മുകളിലേക്കും നീക്കിയാണ്‍ ഓണ്‍ ഓഫ്ഫ് ആക്കുന്നത്. ഇതിനു തകരാറ് സംഭവിച്ച അന്നുമുതല്‍ എന്നിലുള്ള ഇലക്ട്രീഷ്യന്‍ ജാകരൂകനായി. വൈദ്യുതിയുമായി ബന്ധമുള്ളതൊന്നും തൊട്ടുകളിക്കാനുള്ള അനുമതിയില്ലായിരുന്നു. മാത്രമല്ല, വയറിംഗ് ചെയ്തവരുടെ അതിബുദ്ധി കാരണം സ്വിച്ച് എന്നില്‍നിന്നും എത്രയോ ഉയരത്തില്‍. ഞാ‍ന്‍ ചെറുതാണെങ്കിലും എന്റെ ബുദ്ധി അന്നേ വലുതായിരുന്നു. അനിയത്തിയെ ഉറക്കിയിട്ട് അമ്മ പുറത്തെവിടെയോ പോയ സമയം, ഞാന്‍ എന്റെ ഐഡിയ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. വല്യച്ചന്‍ വീട്ടില്‍ വന്നാല്‍ ഇരിക്കാറുള്ള ‘വലിയ‘ മരക്കസേര വലിച്ചുകൊണ്ടുപോയി സ്വിച്ചിനു താഴെയുള്ള മരം കൊണ്ടുണ്ടാക്കിയ മേശ (ടേബിള്‍ ‌) യുടെ അടുത്തെത്തിച്ചു. എന്നിട്ട് കസേരയില്‍ കയറി, മേശമേല്‍കയറി സ്വിച്ച് പരിശോധിച്ചു. സംഭവം പിടികിട്ടി, സ്വിച്ച് ഓണ്‍ ചെയ്ത് കൈവിടുമ്പോള്‍ കുറ്ച്ചധികം താഴോട്ട് വരുന്നു, അപ്പോഴാണ് ഓഫ്ഫാകുന്നത്. ഇതിനെന്ത പ്രതിവിധി? ഐഡിയയ്ക് ക്ഷാമമില്ലല്ലോ! എന്റെ ശേഖരത്തില്‍ നിന്നും ഒരു ചെറിയ അലൂമിനിയം കമ്പിക്കഷണം പുറത്തെടുത്തു. എന്നിട്ട് സ്വിച്ച് ഓണ്‍ ചെയ്തിട്ട് താഴോട്ട് വരാതിരിക്കാനായി അതിന്റെ വിടവിലേക്ക് കയറ്റിവെച്ചു കൊടുത്തു. കൈവിട്ടപോള്‍ ഓഫ്ഫായില്ല സംഗതി ഒ.കെ. “ഞാമ്പറയും അമ്മ്യോട്!“ നല്ല ഉറക്കത്തിലാണെന്നു ഞാന്‍ കരുതിയ അനുജത്തിയുടെ ശബ്ദം. ഞാന്‍ ഞെട്ടിയില്ല, ഞാന്‍ പറഞ്ഞു, “പറഞ്ഞോ ആര്‍ക്കാപേടി ഞാനിതുശരിയാക്കിയതല്ലേ“. അമ്മ വന്നപ്പോള്‍ അനുജത്തി വക്കുപാലിച്ചു. അമ്മ വന്നു നോക്കിയപ്പോള്‍ ബള്‍ബ് കത്തുന്നുണ്ട് കുഴപ്പമൊന്നുമില്ല. അമ്മയ്ക് സന്തോഷമായി, ഇവന്‍ മോശക്കാരനല്ലല്ലോ എന്നൊക്കെ വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞില്ല, ഒന്നും പറഞ്ഞില്ല.
പിന്നീട് എനിക്ക് ഇതുകൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമായി. ദിവസത്തില്‍ പലപ്രാവശ്യം ഞാനതു പ്രവര്‍ത്തിപ്പിക്കും. ഒരുദിവസം ഓഫ്ഫ് ചെയ്യാന്നേരത്ത്, ഉള്ളിലേക്ക് കയറ്റിവെച്ച അലൂമിനിയം കമ്പി പുറത്തേക്ക് വരുന്നില്ല. പലപ്രാവശ്യം ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അതിനെ പുറത്തെടുക്കാന്‍ എന്റെ ശക്തി പോരെന്നുറപ്പായ സാഹചര്യത്തില്‍ അമ്മയെ വിളിച്ചു. അമ്മ വന്ന് ഇതില്‍ തൊട്ടതും ദാ കിടക്കുന്നു അമ്മ താഴെ! എന്താണുസംഭവിച്ചതെന്ന് എനിക്കു മനസ്സിലായില്ല, അമ്മയ്കും മനസ്സിലായില്ലെന്നാണ് എനിക്കു തോന്നുന്നത്. പിന്നീട് ലൈന്മാന്‍ (പോലീസാണെന്ന് ഞാന്‍ കരുതി,) വന്നാണ് ഇവനെ പുറത്തെടുത്തത്. അയാള്‍ അമ്മയോട് പറയുന്നത് കേട്ടു, ചെമ്പ്, ഇരുമ്പ്, അലുമിനിയം ഇതെല്ലാം കറണ്ട് പിടിക്കുന്ന സാധനങ്ങളാണ്. കറണ്ടിനെ ഉണ‍ങ്ങിയ ഈര്‍ക്കില്‍ തീപ്പെട്ടിക്കൊള്ളി പ്ലാസ്റ്റിക് ഇതെല്ലാം കൊണ്ട് തൊട്ടാല്‍ കുഴപ്പമല്ല.
ലൈന്മാന്‍ പോയതിന്നുശേഷം അമ്മ എന്നോടു ചോദിച്ചു, അങ്ങനെയാണെങ്കില്‍ അതേ കമ്പികൊണ്ടല്ലേ നീ ഇത്രയുംനാള്‍ കത്തിച്ച്ത്. എന്നിട്ട് നിനക്കെന്താ ഷോക്കടിക്കാതിരുന്നത്? ഞാനെന്തുപരയാന്‍, ഇനിക്കപ്പോഴറിയില്ലല്ലോ മേശപ്പുറത്തുനിന്നതുകൊണ്ടാണ് എനിക്ക് കറണ്ടടിക്കാതിരുന്നതെന്ന്. “കുഞ്ഞ്യോക്ക് എന്തറിയാം, അറിയാതെ ചെയ്ത തെറ്റിന് ദൈവം ക്ഷമിച്ചതായിരിക്കും.“ അമ്മ സമാധാനിച്ചു.
വളര്‍ന്ന് വൈദ്യുതിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഞാനതിനെക്കുറിച്ച് ചിന്തിച്ചത്. ഇവനെ നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്നില്ല, എങ്കിലോ ഇവന്‍ ഇല്ലെന്നു പറയാനൊക്കുമോ? പല രൂപത്തിലും, ഭാവത്തിലും,തൂണിലും,തുരുമ്പിലും ഇവനില്ലേ? കാറ്റായും, വെളിച്ചമായും, ചൂടായും,തണുപ്പായും ഇവന്‍ മാറുന്നില്ലേ? ശിക്ഷകനും, രക്ഷകനും ഇവന്‍ തന്നെയല്ലേ? തെറ്റേത് ശരിയേത് എന്ന് തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഞാന്‍ ചെയ്ത തെറ്റിന് എന്നൊട് ക്ഷമിച്ച ഇവന്‍ ദൈവമല്ലതെ പിന്നാര്?
‘ ദ്വിവ് ഏവം ദൈവം‘ ശ്രീ നിത്യചൈതന്യ യതി എഴുതിയ ഗുരുവും ശിഷ്യനും എന്ന പുസ്തകത്തില്‍ നടരാജഗുരു ദൈവം എന്ന വാക്കിനെ വിസദീകരിച്ചത് ഇങ്ങനെയാണ്, ദ്വിവ് എന്നാല്‍ പ്രകാശം, വെളിച്ചം. ഏവം എന്നാല്‍ എവിടെയും. അതായത് എവിടെയും പ്രകാശം പരത്താന്‍ കഴിവുള്ളതിനെ ദൈവമെന്നു വിളിക്കാം. മനുഷ്യ മനസ്സുകളില്‍ പ്രകാശം പരത്തിയ മഹദ് വ്യക്തികളെ ദൈവമായി ആരാധിക്കുന്നു. അതുപോലെ, ലോകം മുഴുവന്‍ പ്രകാശപൂരിതമാക്കാന്‍ കഴിവുള്ള ഇവനല്ലേ കലികാലദൈവം? ഇവനില്ലാത്ത ലോകം സങ്കല്പിക്കാനൊക്കുമോ?

Wednesday, August 23, 2006

അഭിമാനം

ഭാരതത്തിനു പുറത്തുള്ള എല്ലാ ഭാരതീയരേയും പോലെ ഞാനും, എന്റെ രാജ്യം, അവിടത്തെ ജനങ്ങള്‍, അവരുടെ കഴിവുകള്‍, ഭാഷ, വേഷം, ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, എന്നിവയില്‍ അഭിമാനിക്കുന്നു. പുറം രാജ്യത്തായിരിക്കുമ്പോള്‍, സ്വന്തം രജ്യത്തോട് കൂടുതല്‍ സ്നേഹം തോന്നുന്നു. കാരണം പലതായിരിക്കാം. മറ്റു പല രാജ്യത്തുള്ള ജനങ്ങളും, അവരുടെ ജീവിതവും, സംസ്കാരവും വെച്ചുനോക്കുമ്പോള്‍, നമ്മുടേതാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു. (കാക്കയ്കും തന്‍ കുഞ്ഞ് പൊങ്കുഞ്ഞാണല്ലോ!).
ഞാന്‍ ഒരിന്ത്യക്കാരനായതില്‍ അഭിമാന പുളകിതനായ ഒരു സംഭവം പറയാം. ഞാനും ചങ്ങാതിയും, ഞങ്ങളുടെ കമ്പനി ഏറ്റെടുത്ത വര്‍ക്ക് ചെയ്യുന്നതിന്നായി, ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലേക്ക് പോകേണ്ടിവ്ന്നു. കാസബ്ലാങ്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബഗേജ് ക്ലിയറന്‍സില്‍ ഞങ്ങളെത്തി. ബാഗ് സ്കാന്‍ ചെയ്ത്പ്പോള്‍, അതിനകത്തുള്ള ടൂള്‍സും മറ്റ് ഇലക്ട്രോണിക് എക്യുപ്മെന്റ്സും പാരയായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്തന്‍ ബാഗിന്റെ കെട്ടഴിക്കുവാന്‍ പറഞ്ഞു. (എല്ലായാത്രക്കാരോടും അയാളത് പറയുന്നുണ്ടായിരുന്നു). കെട്ടഴിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പായി പാസ്പോര്‍ട് ചോദിച്ചു. ഞാന്‍ പാസ്പോര്‍ട് എടുത്തുകൊടുത്തു. ഇന്ത്യന്‍ മുദ്ര കണ്ടയുടനെ അദ്ദേഹം പറഞ്ഞു, ഓ: ഇന്ത്യന്‍ പസ്പോര്‍റ്ട്, വെരിഗുഡ്, എനിക്കറിയാം ഇന്ത്യക്കാരെ, വളരെ നല്ലവര്‍, നിന്റെ ബാഗ് തുറക്കേണ്ട, നീ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു, നീ പൊക്കോളൂ. അപ്പോള്‍ എന്റെ തല വാനോളമുയര്‍ന്നു. ചുറ്റുപാടും ഒന്നുനോക്കി, ഗമയില്‍ പുറത്തേക്ക് നടന്നു.

Monday, August 21, 2006

സ്വാഗതം

റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച പുഴയും, തോടുകളും, ചെറുചാലുകളും, മടക്കുകളായിക്കിടക്കുന്ന മലകളും കൊണ്ട് അതിമനോഹരമായ, എന്റെ മടിക്കൈ ഗ്രാമത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം